Indian man declares himself king of unclaimed land on Egypt-Sudan border
ഭൂമി കയ്യേറ്റവും കായല്‍ കയ്യേറ്റവും ഒന്നും നമുക്ക് അത്ര അപരിചിതമായ വാക്കല്ല ഇപ്പോള്‍. മിക്കപ്പോഴും സര്‍ക്കാര്‍ ഭൂമിയായിരിക്കും ഇങ്ങനെ കയ്യേറ്റക്കാര്‍ സ്വന്തമാക്കാറ്. ഇപ്പോഴിതാ ഭൂമി കയ്യേറുക മാത്രമല്ല സ്വയം രാജാവായി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍. ഈജിപ്ത് അതിര്‍ത്തിയുടെ തെക്ക് ഭാഗത്ത് 'ബിര്‍ താവില്‍' എന്നറിയപ്പെടുന്ന സ്ഥലത്ത് കടന്നു കയറിയാണ് സുയാഷ് ദീക്ഷിത് സ്വന്തം രാജ്യം പ്രഖ്യാപിച്ചത്. .ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയായിരുന്നു ഇന്‍ഡോറിലെ ബിസിനസ്സുകാരനായ യുവാവ് പുതിയ രാജ്യത്തിന്റെ അവകാശം പ്രഖ്യാപിച്ചത്. ഇതിനു പുറമെ തന്റെ പിതാവ് യുയോഗ് ദിക്ഷിതിനെ ആക്ടിങ്ങ് പ്രധാനമന്ത്രിയായും സൈനികാധിപനായും ഇയാള്‍ പ്രഖ്യാപിച്ചു. ഭൂമിയുടെ അവകാശം സ്ഥാപിക്കുന്നതിനായി സൂര്യകാന്തി പൂവിന്റെ വിത്ത് നടുകയും രണ്ടിടത്തായി സ്വന്തമായി രൂപകല്‍പ്പന ചെയ്ത പതാക നാട്ടുകയും ചെയ്തു. മരുഭൂമിയിലൂടെ 319 കിലോമീറ്റര്‍ സഞ്ചരിച്ചാണ് താന്‍ അവിടെയെത്തിച്ചേര്‍ന്നതെന്നും വളരെ ദുര്‍ഘടമായ പാതയായിരുന്നതെന്നും സുയാഷ് പറയുന്നു. താന്‍ മണ്ണില്‍ വിത്ത് പാകിയിട്ടുണ്ടെന്നും അതിനു വെള്ളമൊഴിക്കുകയും ചെയ്തെന്നും അതുകൊണ്ട് തന്നെ ഈ മണ്ണ് തന്റേതാണെന്നും സുയാഷ് പറയുന്നു.